മലയാളിയുടെ ചിരിലോകത്തുനിന്ന് ഒരാൾകൂടി അപ്രത്യക്ഷമായിരിക്കുന്നു. രോഗത്തോട് പടവെട്ടി ഗുരുതരമായ ശാരീരിക അവസ്ഥകളെ ചിരികൊണ്ട് മറികടന്ന കലാകാരൻ. പലതലണ വ്യാജവാർത്തകളിൽ "മരണപ്പെട്ട ' നടൻ ഒടുവിൽ വിധിക്കു കീഴടങ്ങുന്പോൾ ആ ചിരിയുടെ താളവും സംഭാഷണങ്ങളിലെ തനി നാടൻ ശൈലിയും മതി മലയാളിക്ക് സലിംകുമാർ എന്ന നടനെ എക്കാലവും ഓർമിക്കാൻ.
30 വർഷം സിനിമയുടെ സജീവസാന്നിധ്യമായിരുന്നു സലിംകുമാർ. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി സിനിമയുടെ പല മേഖലകളിലും കൈവച്ച് അവിടെയെല്ലാം കൈയൊപ്പു ചാർത്തിയാണ് അദ്ദേഹത്തിന്റെ മടക്കം. ഒരു ചിരിയിലൂടെ, ഡയലോഗിലൂടെ നമ്മുടെ മനസിന്റെ ഏതു പിരിമുറക്കത്തെയും മാറ്റിമറിക്കാനാവുന്ന മാന്ത്രികത അദ്ദേഹത്തിനുണ്ടായിരുന്നു.
◄കലാഭവൻ വളർത്തിയ താരം
മിമിക്രി ഒരു തരംഗമായി വളർന്ന തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സലിംകുമാർ എന്ന നോർത്ത് പറവൂരുകാരൻ കലാരംഗത്തേക്കു ചുവടു വയ്ക്കുന്നത്. എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ പഠനകാലത്ത് മിമിക്രിയിൽ തിളങ്ങി.
എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മൂന്നു തവണ വിജയായി. തുടർന്ന് കൊച്ചിൻ കലാഭവനിൽ ചേർന്നു. വളരെ വേഗം അവിടുത്തെ പോപ്പുലർ ആർട്ടിസ്റ്റായി. നാലു വർഷത്തോളം കൊച്ചിയിലെ പ്രഫഷണൽ നാടക ട്രൂപ്പായ ആരതി തിയറ്റേഴ്സിൽ പ്രവർത്തിച്ചു. സ്വകാര്യ ചാനലുകൾ രംഗത്തു വരുന്ന കാലഘട്ടമായിരുന്നു അത്. ഏഷ്യാനെറ്റും സൂര്യയും പോലുള്ള ചാനലുകളിൽ എണ്ണമറ്റ കോമഡി പരിപാടികൾ അവതരിപ്പിച്ച് സലിംകുമാർ താരമായി. ഇതാണ് സിനിമയിലേക്കും വഴിതുറന്നത്.
1996ൽ എത്തിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയായിരുന്നു തുടക്കം. തുടർന്നും ചെറിയ വേഷങ്ങളിൽ ഒരുപിടി സിനിമകൾ. വിജിതന്പി സംവിധാനം ചെയ്ത് രണ്ടായിരത്തിൽ റിലീസായ സത്യമേവ ജയതേയിലെ കള്ളന്റെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആ വേഷം. ഈ ചിത്രത്തിലെ പ്രകടനമാണ് മെഗാഹിറ്റായ തെങ്കാശിപ്പട്ടണത്തിലേക്കു വഴിതെളിച്ചത്.
സത്യമേവ ജയതേയിലെ സലിംകുമാറിന്റെ പ്രകടനം കണ്ട റാഫി-മെക്കാർട്ടിൻ തെങ്കാശിപ്പട്ടണത്തിലേക്കു വിളിക്കുകയായിരുന്നു. അത് എല്ലാ അർഥത്തിലും വഴിത്തിരിവായി. തെങ്കാശിപ്പട്ടണം തുറന്നുവിട്ട സലിംകുമാർ ചിരിയുടെ ഓളം മലയാളസിനിമയിൽ ഏറെക്കാലം അലയടിച്ചു. ദിലീപ്- സലിംകുമാർ-ഹരിശ്രീഅശോകൻ ടീമിന്റെ കോമഡി സിനിമകൾ ഒന്നിനുപിറകേ ഒന്നായി മലയാളത്തിൽ ഹിറ്റുകളായി. അതെല്ലാം തിയറ്ററുകളിൽ വലിയ പൊട്ടിച്ചിരിയുണ്ടാക്കി.
കോമഡിയിൽ ടീം പെർഫോമൻസിന് സലിംകുമാർ വലിയ പങ്കു വഹിച്ചു. സ്വന്തമായി തിളങ്ങുന്പോൾ തന്നെ ഇതര കോമഡി താരങ്ങളുമായി ചേർന്ന് ചിരിയുടെ വലിയ ലോകം സൃഷ്ടിക്കാൻ അദ്ദേഹത്തിനായി. മീശമാധവനിലെ അഡ്വ. മുകുന്ദനുണ്ണി, പുലിവാൽ കല്യാണത്തിലെ മണവാളൻ, കല്യാണരാമനിലെ പ്യാരി, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം, തിളക്കത്തിലെ ഓമനക്കുട്ടൻ, മായാവിയിലെ ആശാൻ തുടങ്ങിയ കഥാപാത്രങ്ങൾ സൃഷ്ടിച്ച തരംഗം ചെറുതല്ലായിരുന്നു.
◄ട്രാക്ക് മാറ്റത്തിലും അതിശയിപ്പിച്ച്...
കോമഡിയിൽ തിളങ്ങിയ പല താരങ്ങളും സീരിയസ് കഥാപാത്രങ്ങളിലൂടെ അതിശയിപ്പിച്ചിട്ടുണ്ട്. സലിംകുമാറും വ്യത്യസ്തനായിരുന്നില്ല. അഭിനയജീവിതത്തിലെ ട്രാക്ക് മാറ്റം അദ്ദേഹത്തിന് ഏറെ അംഗീകാരങ്ങൾ നേടിക്കൊടുത്തു. 2004ൽ കമലിന്റെ പെരുമഴക്കാലത്തിലൂടെയായിരുന്നു ഈ മാറ്റത്തിനു തുടക്കം. ആമു ഉളയപ്പ എന്ന ചിത്രത്തിലെ കഥാപാത്രം ഉജ്വലമാക്കിയതോടെ പുതിയ ഇമേജ് നേടിയെടുത്തു. ലാൽജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് മറ്റൊരു തലത്തിലേക്ക് ഈ നടനെ കൊണ്ടു പോയി.
ഒരു തമാശപോലും പറയാത്ത കഥാപാത്രം. ചിത്രത്തിലെ സാവുവൽ എന്ന കഥാപാത്രത്തിന്റെ ഹൃദയവ്യഥകൾ പ്രേക്ഷകഹൃദയങ്ങളിലും മുറിപ്പാട് സൃഷ്ടിച്ചു. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് ഈ കഥാപാത്രം നേടിക്കൊടുത്തു. 2010ൽ വന്ന ആദാമിന്റെ മകൻ അബുവിലൂടെ വീണ്ടും വിസ്മയം തീർക്കാൻ അദ്ദേഹത്തിനായി. മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ സിനിമ നേടിക്കൊടുത്തു. മേരിക്കുണ്ടൊരു കുഞ്ഞാടിലെ ലോനപ്പൻ പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത കഥാപാത്രമായി. തമിഴിൽ ധനുഷിനൊപ്പം മാരിയാനിലും തിളങ്ങി.